Saturday, 25 February 2012

മാമ്പഴക്കാലം

ഋതുമതിയായൊരു കൊന്നതൈ
മഞ്ഞളണിഞ്ഞു മൂവന്തിയില്‍ 
ദീര്‍ഘമായൊരു മഴ മാമ്പഴമെല്ലാം മണ്ണിലെറിഞ്ഞു

മല്ഗോവയുടെ കാംമ്പോരു കഷ്ണം 
പതിയെ കണ്‍വാതിലുകളെ കൂമ്പിയടച്ചു
ത്വക്കിനെയാകെ ഇക്കിളിയാക്കും കിളിച്ചുന്ടന്റെ പുളി
ചുണ്ടിനു പല പല രൂപം നല്‍കി

മൂവാണ്ടന്റെ മധുരവും മണവും 
മനസ്സില്‍ മോഹിനിയാട്ടം ആടി
കടുമാങ്ങ തന്‍ തോല്‍ നീക്കി അണ്ടി തിരയുമ്പോള്‍ 
അകതാരിലൊരു തോണി തീരം തേടി 

ഗോമാങ്ങ തന്‍ മാദകമൂറും മഞ്ഞ 
സാത്വിക മാനസഭാവം തെളിച്ചു 
പിന്നൊരു മുട്ടിക്കുടിയനെ ഈമ്പി കുടിക്കുമ്പോള്‍ 
പൊയ്പ്പോയ കുട്ടിത്തം പിന്നെയുമെന്നെ തേടി വന്നു

നാവിന്‍ രുചിയുടെ വര്‍ണ്ണരഥതിലങ്ങനെ
മഴയെ അറിഞ്ഞറിഞ്ഞ് മേഘതിലലയുമ്പോള്‍
ഒഴുകി നടക്കാന്‍ മാധ്യമമില്ലാതാക്കി 
കാര്‍മേഘങ്ങള്‍ കരികാട്ടില്‍ ഒളിച്ചു 

മാങ്ങകള്‍ രുചിക്കാതെ വയ്യെനിക്കിന്നിവ 
അത്രമേല്‍ ശീലമായ്‌ ദേഹത്തിനും മനസ്സിനും 
മേഘവും മഴയും മാങ്ങ തന്‍ മധുരവും 
എന്നെ കൊതിപ്പിച് അടുത്ത ഋതു വരെ 
കാത്തിരിപ്പു.....

Friday, 6 January 2012

തര്‍ജ്ജമ്മ

അമ്മ മകളോട് പറഞ്ഞു
നീയെത്ര വളര്‍ന്നാലുമെന്‍  വാത്സല്യം
നിറകുടമായുള്ളില്‍ തുളുമ്പി നില്‍ക്കും.

ഏട്ടന്‍ അനിയത്തിയോട് പറഞ്ഞു
അച്ഛന്റെ തല്ലെത്ര വാങ്ങിച്ചു തന്നാലുമെന്‍ സ്നേഹം
നിന്നെ പനിപ്പിച്ച ചാറ്റല്‍ മഴ പോലെ.

അവള്‍ അവളോട്‌ പറഞ്ഞു
നീയെത്ര തിരക്കിലായാലുമെന് ഇഷ്ടം
തീരില്ല ഉല്സാഹമെന്തെന്നറിവീലാ കാലം വരെ.

അവന്‍ അവളോട്‌ പറഞ്ഞു
ആയുസ്സൊടുങ്ങുമാ മെത്തയിലെത്തിയാലുമെന്‍ പ്രണയം
തിരയായ്‌ ആര്‍ത്തുലച്ചുദരത്തില്‍ അഗ്നിനാളം തീര്‍ക്കും.

മരുമകന്‍ അമ്മാവനോട് പറഞ്ഞു
ഈ വരികളെല്ലാമൊന്ന്‍ ഇന്ഗ്ലീഷിലേക്കാക്കണം
വാത്സല്യം, സ്നേഹം, ഇഷ്ടം, പ്രണയം.

ആലോചിചു  ഒടുവിലായെഴുതിയതിങ്ങനെ
അമ്മ, ഏട്ടന്‍, സുഹൃത്ത്, കാമുകന്‍
എല്ലാരും പറയുന്നതൊന്നുതന്നെ: ഐ ലവ് യു.

പുസ്തകത്താളിന്നറ്റത്തായ് മഷി പരന്നെത്തുമ്പോള്‍
അഭിമാനനിറവിലാ ചുണ്ടിലൊരു ചിരി
മലയാളിയുടേതായി  തെളിഞ്ഞു വന്നു.