Friday, 6 January 2012

തര്‍ജ്ജമ്മ

അമ്മ മകളോട് പറഞ്ഞു
നീയെത്ര വളര്‍ന്നാലുമെന്‍  വാത്സല്യം
നിറകുടമായുള്ളില്‍ തുളുമ്പി നില്‍ക്കും.

ഏട്ടന്‍ അനിയത്തിയോട് പറഞ്ഞു
അച്ഛന്റെ തല്ലെത്ര വാങ്ങിച്ചു തന്നാലുമെന്‍ സ്നേഹം
നിന്നെ പനിപ്പിച്ച ചാറ്റല്‍ മഴ പോലെ.

അവള്‍ അവളോട്‌ പറഞ്ഞു
നീയെത്ര തിരക്കിലായാലുമെന് ഇഷ്ടം
തീരില്ല ഉല്സാഹമെന്തെന്നറിവീലാ കാലം വരെ.

അവന്‍ അവളോട്‌ പറഞ്ഞു
ആയുസ്സൊടുങ്ങുമാ മെത്തയിലെത്തിയാലുമെന്‍ പ്രണയം
തിരയായ്‌ ആര്‍ത്തുലച്ചുദരത്തില്‍ അഗ്നിനാളം തീര്‍ക്കും.

മരുമകന്‍ അമ്മാവനോട് പറഞ്ഞു
ഈ വരികളെല്ലാമൊന്ന്‍ ഇന്ഗ്ലീഷിലേക്കാക്കണം
വാത്സല്യം, സ്നേഹം, ഇഷ്ടം, പ്രണയം.

ആലോചിചു  ഒടുവിലായെഴുതിയതിങ്ങനെ
അമ്മ, ഏട്ടന്‍, സുഹൃത്ത്, കാമുകന്‍
എല്ലാരും പറയുന്നതൊന്നുതന്നെ: ഐ ലവ് യു.

പുസ്തകത്താളിന്നറ്റത്തായ് മഷി പരന്നെത്തുമ്പോള്‍
അഭിമാനനിറവിലാ ചുണ്ടിലൊരു ചിരി
മലയാളിയുടേതായി  തെളിഞ്ഞു വന്നു.